ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും. ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും. കാർബൺ പ്രസരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനത്തിന്റെ 30 ശതമാനവും പരിസ്ഥിതി സൗഹൃദ വുമായിരിക്കുമെന്നും ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽസുലൈത്തി വെളിപ്പെടുത്തി .ഗതാഗത എൻജിനീയറിങ് സമ്മേളനത്തോടനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. യാത്രകൾ മാത്രമല്ല ചരക്ക് ഗതാഗതം, ഉൽപന്ന വിതരണം, സൈക്കിളുകൾ മുതൽ വിമാനങ്ങൾ വരെയുള്ള എല്ലാത്തരം ഗതാഗതവും പൊതുഗതാഗതത്തിൽ ഉൾപ്പെടും.
ഖത്തർ ദേശീയ ദർശന രേഖ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് ഗതാഗത മേഖലയെ ബന്ധിപ്പിച്ചിരിക്കുന്നത്.2022 ഫിഫ ഖത്തർ ലോകകപ്പിനു മുൻപും 2023ന്റെ തുടക്കത്തിലുമായി വലിയ പദ്ധതികൾ നടപ്പാക്കും. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിയും 2022 രണ്ടാം പാദത്തിനകം പൂർത്തിയാകും. ഖത്തർ ലോകകപ്പിന് എത്തുന്ന സന്ദർശകരുടെ ആധിക്യം കണക്കിലെടുത്ത് ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങൾ രണ്ടും സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 ലക്ഷം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.