അബൂദബി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനാഘോഷത്തിന് മാറ്റ് പകർന്ന് ‘ഇന്ത്യ ഉത്സവ്’ ആഘോഷവുമായി ലുലു. ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഫെസ്റ്റ് അബൂദബി ഖലീഫ സിറ്റി അൽഫൊർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലിയും എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ലുലു ഗ്രൂപ് പ്രതിനിധികളും പങ്കെടുത്തു. ആഗസ്റ്റ് 21 വരെ ഫെസ്റ്റിവൽ തുടരും ഗൾഫ് രാജ്യങ്ങളിലും ‘ഇന്ത്യ ഉത്സവ്’ നടക്കും. പ്രാധന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം ഏറ്റെടുത്ത് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ലുലു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പവൻ കപൂർ പറഞ്ഞു.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് യു.എ.ഇ. ലുലുവിന്റെ സഹായത്തോടെ ഇതിൽ വർധനയുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവിനായി 1000 ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. സ്റ്റൈലിഷായ കൈത്തറി ഖാദി വസ്ത്രങ്ങൾ, ഇന്ത്യൻ കരകൗശല വസ്തുക്കൾ, ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ, ഔഷധ ഉൽപന്നങ്ങൾ, കയർ നിർമിത ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കശ്മീരിൽനിന്നുള്ള ആപ്ൾ, കുങ്കുമം ഉൾപ്പെടെയുള്ളവയും ഇറക്കുമതി ചെയ്യുന്നു. 50തരം ഇന്ത്യൻ ഭക്ഷണങ്ങളും ലുലു ഷോപ്പുകളിൽ ഇതോടനുബന്ധിച്ച് ലഭിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ലുലു പങ്കുവഹിക്കുന്നതായി എം.എ. യൂസുഫലി പറഞ്ഞു.
എക്സ്പോ 2020 ൽ ഇന്ത്യ പവിലിയെൻറ പ്രധാന സ്പോൺസർ കൂടിയാണ് ലുലു. ഇന്ത്യൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യൻ -കർഷകരെയും അവരുടെ ഉൽപാദനത്തെയും പിന്തുണക്കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലുലു എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി, സി.ഒ.ഒ വി.ഐ. സലീം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, സന്ദീപ് ബയ്യാപു തുടങ്ങിയവർ പങ്കെടുത്തു.