കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറില്‍ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റിന് പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും പത്മജ പറഞ്ഞു. നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും സമയം നല്‍കിയില്ല. സോണിയ ഗാന്ധിയോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ പത്മജ മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു. കേരളത്തിലെ മാറ്റത്തിന്റെ സൂചനയാണ് പത്മജയുടെ വരവ് എന്നും ബിജെപിയില്‍ എത്തുന്നവര്‍ക്ക് അര്‍ഹമായ ആദരവും പദവിയും ലഭിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍.
ചാലക്കുടി സീറ്റില്‍ മല്‍സരിപ്പിക്കുന്നത് ചര്‍ച്ചയിലുണ്ടെങ്കിലും പത്മജയ്ക്ക് താല്പര്യമില്ല. പത്മജയെ കഴിഞ്ഞ ആഴ്ച്ചയാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ തൃശൂര്‍ ജില്ലയില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയതും കെ കരുണാകരന് സ്മാരകത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകാത്തതും പത്മജയെ അസ്വസ്ഥയാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഐഎസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉറപ്പു നല്‍കിയിരുന്നു.
കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ. കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.