സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂറിനകം എടുക്കുന്ന പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.8 വയസ്സിൽ താഴെയുള്ളവർക്ക് പരിശോധനയിൽ ഇളവുണ്ടെങ്കിലും 2 ദിവസം ക്വാറന്റീനിൽ ഇരിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഫൈസർ, അസ്ട്രാസെനക, മൊഡേണ (2 ഡോസ് വീതം), ജോൺസൺ ആൻഡ് ജോൺസൺ (ഒരു ഡോസ്) എന്നിവയാണ് അംഗീകൃത വാക്സീനുകൾ.
വാക്സീൻ എടുക്കാതെ എത്തുന്നവർക്ക് 5 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനുമുണ്ട്. ഇവർ സൗദിയിലെത്തി 24 മണിക്കൂറിനകവും അഞ്ചാം ദിവസവും പിസിആർ എടുക്കണം. നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.