ഖത്തറിലേക്ക് ബുധനാഴ്ച മുതല്‍എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. ഖത്തറിന്റെ പുതുക്കിയ പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ ഒക്‌ടോബര്‍ 6ന് ഉച്ചയ്ക്ക് 2.00 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തല ത്തിലാണിത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഇഹ്‌തെറാസ് വെബ്‌സൈറ്റ്, എയര്‍ലൈന്‍ ടിക്കറ്റിങ് ഓണ്‍ലൈന്‍ എന്നിവിടങ്ങളില്‍ നിന്നു സത്യവാങ്മൂലത്തിന്റെ അപേക്ഷ ലഭിക്കും. അതേസമയം, ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നെത്തുന്ന, ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇതു ബാധകമല്ല. ഇന്ത്യ എക്‌സെപ്ഷണല്‍ റെഡ് രാജ്യങ്ങളുടെ പട്ടികയില്‍ ആയതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വ്യവസ്ഥ ബാധകമാണ്. വ്യവസ്ഥകള്‍ക്കു വിധേയമായ കോവിഡ് വാക്‌സീനുകളുടെ പട്ടികയും പുതുക്കി.
ഇതു പ്രകാരം സിനോഫാം, സിനോവാക്, സപുട്‌നിക് വി എന്നിവയ്ക്കും ഖത്തറില്‍ അംഗീകാരമുണ്ട്. ഫൈസര്‍-ബയോടെക്, മൊഡേണ, അസ്ട്രാസെനിക (കോവിഷീല്‍ഡ്), ഓക്‌സ്‌ഫോര്‍ഡ്, വാക്‌സെവ്രിയ), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ അംഗീകൃത വാക്‌സീനുകള്‍. ബുധനാഴ്ച മുതല്‍ ഖത്തറിന്റെ കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക ഗ്രീന്‍, റെഡ്, എക്‌സപ്‌ഷെനല്‍ റെഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ മാത്രമായിരിക്കും. നിലവിലെ യെല്ലോ വിഭാഗം പട്ടികയില്‍ ഉണ്ടാകില്ല. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് പരിശോധനയും നടത്തേണ്ടതില്ല.
പകരം ഖത്തറിലെത്തി 36 മണിക്കൂറിനുളളില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതി.വിദേശങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഖത്തറിലെത്തുമ്പോള്‍ ഇന്റര്‍നാഷനല്‍ സിം കാര്‍ഡ് ഉപയോഗിച്ചു തന്നെ ഇഹ്‌തെറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതിനായി ഖത്തര്‍ സിം കാര്‍ഡ് എടുക്കണമെന്നില്ല. സന്ദര്‍ശകര്‍ യാത്രയ്ക്ക് മൂന്നു ദിവസം മുന്‍പുതന്നെ https://www.ehteraz.gov.qa/PER/loginPage?language=en ലിങ്കില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.