മക്ക :പൊട്ടിക്കരഞ്ഞും മനസ്സുരുകി പ്രാർത്ഥന നടത്തിയും
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസികൾ വിശുദ്ധ ഹറമുകളിൽ.കനത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാസങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ തീർത്ഥാടനത്തിന് വീണ്ടും തുടക്കമായത്.
ഒക്‌ടോബർ പതിനേഴ് വരെയുള്ള ആദ്യ ഘട്ടത്തിൽ പ്രതിദിനം ആറായിരം പേർക്ക് മാത്രമാണ് ഉംറ തീർത്ഥാടനത്തിനായി അനുമതി നൽകുക. ഇത് തന്നെ അഞ്ഞൂറ് പേരടങ്ങുന്ന സംഘമായാണ് അനുവദിക്കുന്നത്. മാസങ്ങൾക്ക് ശേഷം വിശുദ്ധ ഹറം മുറ്റത്ത് ലബ്ബൈക്ക വിളികളുമായി വിശ്വാസികൾ വികാര നിർഭരമായാണ് വിശുദ്ധ ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. സുബ്ഹി, മഗ്‌രിബ് നിസ്‌കാര സമയങ്ങളിൽ ഉംറ തീർത്ഥാടകരെ അനുവദിക്കില്ല. ഈ സമയത്ത് അണുനശീകരണം നടത്താനും ക്ളീനിംഗിനുമായാണ് ഉപയോഗപ്പെടുത്തുക.
ഓരോ സംഘവും തീർത്ഥാടനം പൂർത്തീകരിച്ച ശേഷം അണുനശീകരണം നടത്തും.വൈറസ് ബാധിതരെയോ ലക്ഷണങ്ങൾ കാണുന്നവരെയോ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാണ്. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറ തീർത്ഥാടനത്തിന് അനുവാദം.ലോക മുസ്ലിങ്ങൾ ഹറമുകളിലെത്തി മനസ്സുരുകി പ്രാർത്ഥന നടത്തി സായൂജ്യമടയാൻ മാസങ്ങളായ് കാത്തിരിപ്പിലായിരുന്നു.