യു.എ.ഇ: നാടിനു പ്രാണവായുവേകാൻ കെ.എം.സി.സി ജീവൻ രക്ഷാ ഉപകരണങ്ങൾ ആദ്യ ഘട്ട കയറ്റുമതിക്ക് വേണ്ടി കൈമാറി കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേരളം അഭിമുഖീകരിക്കാൻ ഇടയുള്ള കോവിഡ് കെയർ ഉപകാരണങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കാൻ യു.എ.ഇ കെ.എം.സി.സിയും.പ്രവർത്തനം ആരംഭിച്ചു.
നാട്ടിൽ സംഭവിച്ചേക്കാവുന്ന മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്യുന്നതിൽ കേരളാസർക്കാറിനെ സഹായിക്കാനാണ് നോർക്കയുമായി സഹകരിച്ചു കെ.എം.സി.സി യു.എ.ഇ നാഷണൽ കമ്മിറ്റിയുടെ നീക്കം.പ്രവാസലോകത്തെ ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയായ കെ.എം.സി.സി മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ചു നൽകാനായി പ്രവർത്തകരോട് ആഹ്വാനം ചെയ്തു മണിക്കൂറുകൾക്കുള്ളിലാണ് അഞ്ഞൂറ് പൾസ് ഓക്സിമീറ്ററുകളും രണ്ടു വെന്റിലേറ്ററുകളും തയ്യാറായത്.
ഈ ദൗത്യത്തിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ സമാഹരിച്ച ഉപകരണങ്ങൾ കേരള മെഡിക്കൽ സർവ്വീസ് കോ.ഓപ്പറേഷന് എത്തിക്കുന്നതിനായി നോർക്ക ഡയറക്ടർ ഒ.വി മുസ്ഥഫക്കു കൈമാറിയതായി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ അറിയിച്ചു.
കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത മുൻ കൂട്ടി ഉറപ്പാക്കുന്നതിനു കേരള ഗവണ്മെന്റ് ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനായി കെ.എം.സി.സി ഉൾപ്പെടെ പ്രവാസി സംഘടനകളുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമായേക്കാവുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓക്സിജന്‍ പ്ലാന്റുകളെല്ലാം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. കൂടുതൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരിക്കുക എന്നതാണ് നമ്മുടെ മുന്നിലെ വഴി. ഇക്കാര്യത്തിൽ കേരള ഗവണ്മെന്റിനു ആവശ്യമായ സഹായങ്ങൾ സമാഹരിച്ചു നൽകാൻ കെ.എം.സി.സി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും പുത്തൂർ റഹ്മാൻ വിശദീകരിച്ചു.
നിലവിൽ സമാഹരിച്ച വെന്റിലേറ്ററുകളും ഓക്സിമീറ്ററുകളും നോർക്ക ഡയരക്ടർക്കു കൈമാറുന്ന ചടങ്ങിൽ യു.എ.ഇ കെ.എം.സി.സി നേതാക്കളായ ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ,പുത്തൂർ റഹ്മാൻ, അൻവർ നഹ, അൻവർ അമീൻ , ജാബിർ വഹാബ് എന്നിവർ സംബന്ധിച്ചു.