ദുബായ്: ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുപ്രധാന തീരുമാനം എടുത്തത്. യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദേശമാണ് അംഗീകരിക്കപ്പെട്ടത്. എക്‌സ്‌പോ നഗരിയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.പരീക്ഷണത്തിനുശേഷം പൂർണമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതിക്ക് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കും.
സ്വയം ഓടുന്ന കാറുകൾ റോഡുകളിൽ പരീക്ഷിക്കുന്ന ആഗോളതലത്തിലെ രണ്ടാമത്തെയും പശ്ചിമേഷ്യയിലെ ആദ്യ രാജ്യവുമാകും യു.എ.ഇയെന്ന് തീരുമാനം അറിയിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗതാഗതം ഏറ്റവും സുരക്ഷിതവും അപകടരഹിതവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.