ഷാർജ: ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ), ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഭേദഗതി വരുത്തി.
എമിറേറ്റിൽ രാവിലെ 5.30 മുതൽ രാവിലെ 8.30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയും ട്രക്ക് ഗതാഗതം നിയന്ത്രിക്കും. ഷാർജ-അൽ ദൈദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഹബാബ് റോഡ്-അൽ മദാം റോഡ് ഒഴികെയുള്ള റോഡുകളിലാണ് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഈ റോഡുകളിൽ രാവിലെ 5.30 മുതൽ 8.30 വരെ മാത്രമായിരിക്കും നിയന്ത്രണം.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ, നിയന്ത്രണം ഇപ്പോഴുള്ളതുപോലെ പുലർച്ചെ 12 മുതൽ പുലർച്ചെ 5.30 വരെ തുടരുന്നതായിരിക്കും.
ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും അവരുടെ ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ എത്തിച്ചേരുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് എസ്ആർടിഎ അറിയിച്ചു.
എല്ലാ ട്രക്ക് ഡ്രൈവർമാരും ഈ സമയങ്ങൾ പാലിക്കണമെന്നും ആവശ്യമായ പെർമിറ്റുകൾ നേടണമെന്നും ട്രക്ക് നീക്കത്തിന് അനുമതിയില്ലാത്ത റോഡുകൾ ഉപയോഗിക്കരുതെന്നും SRTA അറിയിച്ചു.