ഖത്തർ: ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ). അതേസമയം മൂല്യ വർധിത നികുതി (വാറ്റ്) സംബന്ധിച്ച നിയമനിർമാണം പുരോഗമിക്കുകയാണെന്നും ജിടിഎ പ്രസിഡന്റ് അഹമ്മദ് ബിൻ ഇസ അൽ മുഹന്നദി.ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി)ഏകീകൃത ഗൾഫ് മൂല്യവർധിത ഉടമ്പടിയുടെ ഭാഗമായാണ് ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കുന്നത്. ഉടമ്പടിയുടെ ഭാഗമായതിനാൽ വാറ്റിന്റെ കാര്യത്തിൽ ഖത്തറിന് മാത്രമായി ഇളവുകൾ ഇല്ലെന്ന് ജിടിഎ പ്രസിഡന്റ് വ്യക്തമാക്കി. രാജ്യത്തിന്റെ വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിൽ പ്രധാനമാണ് നികുതി. സാമ്പത്തിക മേഖലയെ പിന്തുണക്കാനും നിക്ഷേപ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നികുതി ഇളവുകൾ നൽകുന്നതിനൊപ്പം ഇവ യഥാസമയം അവലോകനം ചെയ്യുന്നുമുണ്ട്.ഓരോ സാമ്പത്തിക മേഖലകളുടെയും പ്രകടനം അനുസരിച്ച് നികുതി ചുമത്താനോ വർധിപ്പിക്കാനോ ജിടിഎയ്ക്ക് അധികാര മുണ്ടെന്നും അൽ മുഹന്നദി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 2 തരം നികുതികളാണുള്ളത്. കമ്പനികളിലെയും കമ്പനി ഇതര നികുതിദായകരിലെയും വിദേശ ഓഹരികളുടെ വരുമാന ത്തിന് അനുസൃതമായി മൊത്ത വരുമാനത്തിൽ നിന്ന് പ്രതിവർഷം ഈടാക്കുന്ന ഇൻകം ടാക്‌സും എക്‌സൈസ് ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന സെലക്ടീവ് നികുതിയുമാണ് രാജ്യത്ത് പ്രാബല്യത്തിലുളളത്. സെലക്ടീവ് നികുതി നിയമ പ്രകാരം ശീതള പാനീയങ്ങൾക്ക് 50 ശതമാനം, എല്ലാത്തരം പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനം, ഊർജദായക പാനീയങ്ങൾക്ക് 100 ശതമാനം, പ്രത്യേക ഇനം ചരക്കുകൾക്ക് 100 ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തുന്നത്.