യുഎഇ: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാറായിട്ടില്ല.ഈ മാസം 21 മുതൽ 100ൽ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുൻകരുതൽ നടപടികൾ എടുക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അൽ ഗൈതി പറഞ്ഞു. വകഭേദങ്ങൾ ലോകത്തു നിലനിൽക്കുന്നിടത്തോളം മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ എന്നിവ ജീവിതശൈലിയാക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. ഇതുവരെ 2 കോടിയിലേറെ വാക്സീൻ നൽകി.ചൊവ്വാഴ്ച വരെ പൊതുജനങ്ങളിൽ 97.16% പേർക്കും ഒരു ഡോസ് വാക്സീൻ ലഭിച്ചു. 87% പേർ പൂർണമായും വാക്സീൻ എടുത്തിട്ടുണ്ട്. ഇതേസമയം രണ്ടാമത്തെ ഡോസ് സിനോഫാം എടുത്ത് 6 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്ത് അധിക സുരക്ഷ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.സിനോഫാം, ഫൈസർ എന്നിവയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. ഫൈസർ എടുക്കുന്നവർ 2 ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നും വ്യക്തമാക്കി.