അബുദാബി: അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി) അറിയിച്ചു. അബുദാബിയിൽ കണ്ടെത്തിയ തിമിംഗലം എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉയർന്നതാണെന്ന സൂചന നൽകുന്നതായി ഏജൻസി പറഞ്ഞു. ബലീൻ തിമിംഗലത്തിന്റെ ഒരു ഇനമാണ് ഇതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിലുള്ള തിമിംഗലത്തിന്റെ നീളം സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ്. ഭാരം 12 മുതൽ 22 ടൺ വരെയും. കടലിൽ ഇത്തരം തിമിംഗലത്തെ കണ്ടാൽ, അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ഏജൻസി അഭ്യർഥിച്ചു. പാരിസ്ഥിതിക അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെടേണ്ട നമ്പർ: 800555.