ഷാർജ: 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ മേളയുടെ ഭാഗമാകും.
ലോകമെമ്പാടും നിന്നുള്ള 1,10,000 പുസ്തകങ്ങളുടെ പ്രകാശനവും മേളയുടെ ഭാഗമായി നടക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന മേളയിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 85 വിഖ്യാത എഴുത്തുകാരടക്കമുള്ള സംഘം ഭാഗമാകും. നവംബർ മൂന്ന് മുതൽ 13 വരെയാണ് മേള
സാംസ്കാരിക പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ, യോഗങ്ങൾ എന്നിവയടക്കം 970 പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും. കവിത, കഥ, നോവൽ, കുട്ടികളുടെ സാഹിത്യം തുടങ്ങി വിവിധ സാഹിത്യശാഖകളിൽ നിന്നുള്ള എഴുത്തുകാർ നേരിട്ട് പുസ്തകങ്ങളിൽ ഒപ്പിട്ടുവായനക്കാർക്ക് സമ്മാനിക്കുന്ന ചടങ്ങുകളും പ്രത്യേകതയാണ്.
ഈജിപ്തിൽ നിന്നുള്ള പ്രസാധകരാണ് മേളയിൽ ഏറ്റവുമധികം. 295 പ്രസാധകർ ഈജിപ്തിൽനിന്ന് മാത്രമായുണ്ട്. യു.എ.ഇ. (250), യു.കെ. (138), ലെബനൻ (112) എന്നിങ്ങനെയാണ് ഏറ്റവുമധികം പ്രസാധകരെത്തുന്ന മറ്റു രാജ്യങ്ങളുടെ പട്ടിക.
ഇന്ത്യയിൽനിന്ന് 87 പ്രസാധക സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകും. കൊളംബിയ, ദക്ഷിണ സുഡാൻ, കാമറൂൺ, കെനിയ, മലാവി, റുവാൺഡ, ടാൻസാനിയ, സിംബാബ്‌വേ, യുഗാൺഡ എന്നീ രാജ്യങ്ങൾ ആദ്യമായി ഇത്തവണ ഷാർജ പുസ്തകോത്സവത്തിന്റെ ഭാഗമാകും.
പ്രമുഖ കുവൈത്തി മാധ്യമപ്രവർത്തകനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ താലിബ് അൽ റിഫായിയാണ് മേളയുടെ സാംസ്കാരിക വ്യക്തിത്വം. ദി ഷെയ്ഡ് ഓഫ് ദി സൺ, പെറ്റി തെഫ്റ്റ്‌സ്, ഡ്രസ് എന്നിവയുൾപ്പെടെ ശ്രദ്ധയമായ ഒട്ടേറെ കൃതികളുടെ രചയിതാവാണ് അദ്ദേഹം.