ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന ഇടപെടല്‍ നിര്‍ദേശിച്ച് മുഖ്യന്ത്രി പിണറായി വിജയന്. ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ഡൗൺ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.
അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും പൊതുസ്ഥലങ്ങളിലും നൽകിയിരുന്ന ഇളവുകൾ അതുപോലെ തുടരും. ആൾക്കൂട്ടം ഉണ്ടാകുന്നില്ല, നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ഡൗൺ തന്നെ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്ന പൊതു തീരുമാനമാണ് അവലോകന യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചത് പോലെ വാക്സിനേഷൻ വർധിപ്പിക്കുക, പരിശോധന വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്തു. ആദ്യ ഡോസ് വാക്സിനേഷന് എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷന് പൂര്ണമാക്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ട് കൊവിഡ് വ്യാപനം ഒഴിവാക്കാനുള്ള ശ്രദ്ധപുലർത്തണമെന്നുള്ള നിർദ്ദേശം കൂടി വകുപ്പുകൾക്ക് നൽകി.
വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും.