ദുബായ് : ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യോഗാ പരിശീലകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ മിടുക്കനാണ് ഇന്ത്യൻ വംശജനായ റെയാൻശ് സുറാനി.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ചികിത്സാ രീതി എന്നു തന്നെ പറയാവുന്ന “യോഗാ” യോടുള്ള അമിതമായ സ്നേഹം 2021 ജൂലൈയിൽ വെറും ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഈ ബാലന് നേടിക്കൊടുത്തത് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്.
ദുബായിലെ ജെംസ് മോഡേൺ അക്കാദമി വിദ്യാർത്ഥിയായ സുറാനി ആനന്ദ് ശേഖർ യോഗ സ്‌കൂളിലാണ് തന്റെ 200 മണിക്കൂർ അധ്യാപക പരിശീലന പരിപാടി നടത്തിയത്.
തന്റെ 4 വയസ്സ് മുതൽതന്നെ യോഗയോട് അമിതതാൽപ്പര്യം കാട്ടിയിരുന്ന റെയാൻശ് ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങൾ ഉന്നയിക്കുന്ന ഈ ഇന്ത്യൻ സന്യാസ പരിശീലനത്തിൽ – തന്നെക്കാൾ പ്രായമുള്ളവർ ഉൾപ്പെടെ – മറ്റുള്ളവരെ പരിശീലിപ്പിക്കുന്നിടത്തോളം യോഗയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
ഒരു യോഗി കൂടിയായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും യുഎഇയിലെ യുവാക്കളുടെ ഫിറ്റ്നസ് ഐക്കണാണായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനൊപ്പം യോഗ ചെയ്യുക എന്നതാണ് കുട്ടി യോഗാ മാസ്റ്ററുടെ വലിയ സ്വപ്നം.