കുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം . റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല.
വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.