ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പൊതുഗതാഗത ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും മെട്രോ, ട്രാം യാത്രക്കാര്‍ ഇ-സ്‌കൂട്ടറുകളുമായി ട്രെയിനുകളില്‍ കയറരുതെന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.
ട്രെയിന്‍ യാത്രകളില്‍ ഇ-സ്‌കൂട്ടറുകള്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഇ-സ്‌കൂട്ടറില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മെട്രോ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. കൂടാതെ ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കെതിരെയുള്ള പരാതികളും വര്‍ധിച്ചിട്ടുണ്ട്. ക്രമരഹിതമായ പാര്‍ക്കിങ്, നടപ്പാതകളിലൂടെയുള്ള ഡ്രൈവിങ്, സ്‌കൂട്ടറുകളില്‍ ഒന്നിലേറെപ്പേര്‍ സഞ്ചരിക്കുക, അതിവേഗത എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങള്‍ കഴിഞ്ഞ വര്‍ഷം റൈഡര്‍മാര്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമീപകാലത്ത് എമിറേറ്റില്‍ ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഏപ്രില്‍മുതല്‍ ഇതുവരെ 63,500-ലേറെ ഇ-സ്‌കൂട്ടറുകള്‍ക്കാണ് ആര്‍ടിഎ അനുമതി നല്‍കിയിരിക്കുന്നത്. ഗതാഗതസുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ നിയുക്ത പാതകളിലൂടെ മാത്രം വാഹനം ഓടിക്കണമെന്നും ആര്‍ടിഎ നിര്‍ദേശിച്ചു. റൈഡര്‍മാര്‍ ഹെല്‍മെറ്റ്, റിഫ്ളക്ടീവ് വസ്ത്രങ്ങള്‍ തുടങ്ങിയവ ധരിക്കണം. നിയുക്ത സ്ഥലങ്ങളില്‍ മാത്രം വാഹനം നിര്‍ത്തിയിടണം. കാല്‍നടയാത്രക്കാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും തടസമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു