ഓണനാളുകളിൽ മുറ്റത്ത് പൂക്കളം ഇടുകയോ അത് ആസ്വദിക്കുകയോ ചെയ്യാത്തവരായി ആരും തന്നെ മലയാളികളിലുണ്ടാവില്ല…പലനിറങ്ങളിലായി പല വാസനകളിലായി പൂത്തുനിൽക്കുന്ന പൂന്തോട്ടമില്ലാത്ത മലയാളിവീടുകളും അപൂർവമാണ്…
“ഒരു പൂവിന്റെ അത്ഭുതം നമ്മൾ പൂർണ്ണമായും അറിഞ്ഞിരുന്നുവെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറുമായിരുന്നു.” ശ്രീ ബുദ്ധന്റെ വരികളാണിത്… മനോഹരമായ ഏതോരു വസ്തുവിനേയും ഉപമിക്കാൻ പൂക്കൾ കഴിഞ്ഞേ വേറെ ഒന്നുമുള്ളൂ..
ഒരു പൂവിന് ഇത്രയ്ക്കധികം വർണ്ണനയെങ്കിൽ ഒരായിരം ജീവസ്സുറ്റ പൂക്കളുടെ ഉദ്യാനം അത് വാക്കുകൾക്കതീതമാവുകയില്ലേ? അതാണ് ദുബായ് മിറാക്കിൾ ഗാർഡൻ.. പേരുപോലെ തന്നെ അത്ഭുതഉദ്യാനം തന്നെയാണത്… ജീവനറ്റ പൂക്കൾ കൊണ്ട് തീർത്ത പൂക്കളം ഇഷ്ടപ്പെടുന്നവരിൽ ജീവൻ തുടിക്കുന്ന പൂച്ചെടികൾ, നാം സ്വപ്നത്തിൽ കൂടി കരുതാത്ത രൂപത്തിൽ എല്ലാം കൃത്യമായി ഒരുക്കിവെക്കുന്ന കാഴ്ച അത്ഭുതം എന്ന് തന്നെ പറയാമല്ലോ…
ആ സ്വർഗീയ തുല്യമായ പൂക്കളുടെ മഹാവിസ്മയത്തിന്റെ ഒമ്പതാമത്തെ സീസണിന് നവംബർ 1 മുതൽ ആരംഭം കുറിച്ചിരിക്കുകയാണ്…
ലോകത്തിൽ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഉദ്യാനം എന്ന പ്രശസ്ത പദവി ദുബായ് മിറാക്കിൾ ഗാർഡൻ ആദ്യം തന്നെ നേടിയിരുന്നു… ഡിസ്നി യുടെ പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ മിക്കിമൗസിന്റെ 18മീറ്റർ ഉയരത്തിൽ പൂക്കൾ കൊണ്ടുള്ള പ്രതിമയെ തേടി 2018ൽ ഗിന്നസ് വേൾഡ് റെക്കോർഡ് വരെ വന്നെത്തി.. അത് കൂടാതെ 2016ലും വേൾഡ് റെക്കോർഡ് സൃഷ്ടിച്ചു അതാണെങ്കിൽ പൂക്കൾകൊണ്ട് വിമാനരൂപത്തിൽ തീർത്ത എയർബസ് A380 എന്ന ശിൽപ്പത്തിനായിരുന്നു.. ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രചാരമേറിയ ഒരു ഉദ്യാനാലങ്കാര രീതിയാണ് വെട്ടിക്കൽ ഗാർഡൻ അതിലും ലോക റെക്കോർഡ് ദുബായ് മിറാക്കിൾ ഗാർഡൻ സ്വന്തമാണ്.. 2013ൽ അതും സ്വന്തമാക്കി ഈ അത്ഭുതം പൂന്തോട്ടം…
ഈ സീസണിലും വളരെയധികം വ്യത്യസ്ത ഭാവങ്ങളുമായാണ് ആരംഭം കുറിച്ചിരിക്കുന്നത്…
12മീറ്റർ ഉയരത്തിൽ ഹൃദയവും കയ്യിലേന്തി നിൽക്കുന്ന കരടിക്കുട്ടൻ ജനഹൃദയങ്ങൾ കയ്യിലാക്കും എന്നതിൽ യാതോരു സംശയവുമില്ല..
പൂക്കൾ കൊണ്ടുള്ള ഹൃദയാകൃതിയിലുള്ള കവാടങ്ങൾ എന്നും മനോഹാരിത ഉളവാക്കുന്ന ഒന്ന് തന്നെയാണ്…
വായുവിൽ ഒഴുകിനിൽക്കും പോലെ തോന്നിപ്പിക്കും പൂക്കൾ കൊണ്ടുള്ള വസ്ത്രം ധരിച്ച് ഒരു മാലാഖയുടെ ശിൽപം, എമിറേറ്റ്സ്A380,പൂക്കളുടെ മനോഹാരിത വിവിധതരം എൽ.ഇ.ഡി.ലൈറ്റുകളുടെ അകമ്പടിയോടെ കാണാം, പ്രധാന കവാടത്തിൽ ഒരുക്കിയിരിക്കുന്ന ത്രിമാന രൂപത്തിൽ പൂക്കളിൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങളുടേയും മൃഗങ്ങളുടേയും രൂപങ്ങൾ റെക്കോർഡുകൾ സൃഷ്ടിച്ചേക്കാം…
ഈ സീസണിൽ കോവിഡ്19 പ്രോട്ടോകോൾ മുഴുവനായും പാലിച്ച് കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്…400മീറ്ററോളം പൂക്കളുടെ മനോഹാരിതയും പലതരം പരിപാടികൾ ആസ്വദിച്ച് നടന്നുനീങ്ങാനുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്…
120ഓളം വ്യത്യസ്തമായ
150 മില്ല്യൺ പൂക്കൾകൊണ്ട്, അതും ദുബായിലെ കാലാവസ്ഥയിൽ ആവുമോ എന്ന് സംശയിക്കുന്ന ചില ഇനങ്ങൾ കൂടി ഉൾപ്പെടുത്തി തീർക്കുന്ന ഈ വിസ്മയ ഉദ്യാനലോകത്തിന്റെ പിറകിലെ ആ വലിയ മനുഷ്യൻ ആരാണെന്നറിയാൻ ആകാംഷയില്ലേ?
അബ്ദുൽ നാസർ റഹ്ഹാൽ… സിറ്റി ലാന്റ് ഗ്രൂപ്പ് ഓഫ് ബൊട്ടാണിക്കൽ പ്രോജക്ടിന്റെ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം..
ഒരൂ പൂ മാത്രം ചോദിച്ചവർക്കായ് എങ്ങും നറുമണം വീശുന്ന ഒരു വിസ്മയപൂക്കാലം തന്നെ തീർത്ത് ദുബായ് മിറാക്കിൾ ഗാർഡൻ.