ഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ “ദ മൈഗ്രന്റ് സാൻഡ്സ്റ്റോൺസ്” എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” ഷാർജ പാലസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. രാഷ്ട്രപതിയുടെ മെഡൽ ജേതാവായ തമിഴ് കവിയും ചെറുകഥാകൃത്തുമായ സുബ്രഭാരതി മണിയൻ ഇംഗ്ലീഷിൽ നിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്ത പുസ്തകം തിരുപ്പൂരിലെ കനവ് പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചത്. ഇത് ആറാമത്തെ ഭാഷയിലാണ് ഇസ്മയിലിന്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. തമിഴിനു മുമ്പ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, പേർഷ്യൻ ഭാഷകളിൽ ഇസ്മയിലിന്റെ കവിതകൾ വന്നിട്ടുണ്ട്. “പുലംപെയർ മണൽ തുകൽകൾ” കൂടാതെ “ദില്ലി,” “ചിന്തേരിട്ട കാലം,” “ദി മൈഗ്രന്റ് സാൻഡ്സ്റ്റോൺസ്,” എന്നീ കവിതാ സമാഹാരങ്ങളും യാത്ര, ഓർമ്മ, അനുഭവം വിഭാഗത്തിൽ “ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങൾ” എന്ന പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്.
ദിനതന്തി തമിഴ് ദിനപത്രത്തിന്റെ റിപ്പോർട്ടർ മുദുവൈ ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. പ്രമുഖ തമിഴ് വ്യക്തിത്വങ്ങളും എഴുത്തുകാരും പങ്കെടുത്ത ചടങ്ങിൽ മുതിർന്ന തമിഴ് സാമൂഹിക പ്രവർത്തകനും സംഗീത റെസ്റ്റോറന്റിന്റെ പങ്കാളിയുമായ മുഹമ്മദ് മഹ്റൂഫ് അധ്യക്ഷത വഹിച്ചു.
ട്രിച്ചി ജമാൽ മുഹമ്മദ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ. മൻസൂർ പുസ്തകം പ്രകാശനം ചെയ്തു. ഡോ. എ മുഹമ്മദ് മൊഹിദീൻ എഴുത്തുകാരനെ പരിചയപ്പെടുത്തി. തമിഴ് ഓൺട്രോപ്രണേഴ്സ് ആൻഡ് പ്രഫഷണൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. പോൾ പ്രഭാഹർ, ശ്രീലങ്കൻ എഴുത്തുകാരൻ ശിവ എസ് കുമാർ, തമിഴ് കവിയും ആഗോള ഗവേഷകയുമായ ഡോ. ശ്രീ രോഹിണി, അബു താഹിർ, എ.എസ്. ഇബ്രാഹിം, അഹമ്മദ് സുലൈമാൻ, തമിഴ് പ്രസാധകൻ ബാലാജി ബാസ്കരൻ, മൊഹിദീൻ ബാച്ച, ശ്രീലങ്ക, സുബൈർ അഹിൽ മുഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.