ഹജ് തീർഥാടകർക്കിടയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ 10 വർഷം വരെ തടവും 10 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി.തീർഥാടകർക്കു മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത്തരം തെറ്റായ സമ്പ്രദായങ്ങൾ ആരെങ്കിലും കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടുമെന്നും അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കൂടാതെ നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളും പ്രവർത്തനങ്ങളും ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യും. കോടതി കുറ്റക്കാരായി കണ്ടെത്തിയവർ സ്വന്തം ചെലവിൽ പേരുകൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.