ദുബായിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം അമിതശബ്ദത്തിൽ ഓടിച്ച 2771 വാഹനങ്ങൾ ദുബായ് പോലീസ് കണ്ടുകെട്ടി. വാഹനത്തിന്റെ എൻജിനിൽ അനുവദനീയമല്ലാത്ത വിധത്തിൽ മാറ്റങ്ങളുണ്ടാക്കിയാണ് ശബ്ദമുയർത്തുന്നത്.വാഹനത്തിന്റെ വേഗവും ശബ്ദവും കൂട്ടി നഗരത്തിൽ അഭ്യാസങ്ങൾ നടത്തുന്ന സംഘങ്ങളുടെ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ബർ ദുബായ്, ദേര പോലീസ് സ്റ്റേഷനുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് ദുബായ് പോലീസ് ഗതാഗത വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റോയ് പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ മരണത്തിനും ഗുരുതര നാശനഷ്ടങ്ങൾക്കും ഇടയാക്കുന്ന അപകടങ്ങൾക്ക് കാരണമാകുന്നതായും പോലീസ് മേധാവി ചൂണ്ടിക്കാട്ടി. മാർച്ചിലാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ (456) റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി (289), ഏപ്രിൽ (276), ജനുവരി (271), മേയ് (270), നവംബർ (241), ഒക്ടോബർ (223), ജൂൺ (197), ഓഗസ്റ്റ്, സെപ്റ്റംബർ (192 വീതം), ജൂലായ് (164) എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ നിരക്ക്. സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൊതുസുരക്ഷയുറപ്പാക്കാൻ എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കണം.
വാഹനങ്ങളിൽ അനുവദനീയമല്ലാത്തവിധത്തിൽ നടത്തുന്ന മാറ്റങ്ങൾ മൊത്തം പ്രവർത്തനങ്ങളെ ബാധിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന് പോലീസ് മേധാവി പറഞ്ഞു.