അജ്മാൻ ∙ എമിറേറ്റിലെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മാറ്റാൻ അജ്മാൻ പൊലീസിന്റെ നിർദേശം. പഴയ നമ്പർ പ്ലേറ്റുകൾക്ക് പകരം മഞ്ഞ നിറത്തിലുള്ള പുതിയ നമ്പർ പ്ലേറ്റായിരിക്കണം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടത്. നിരത്തുകളിലിറങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിരകളിൽ നിന്നും ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ വേർതിരിച്ചറിയാവുന്ന വിധത്തിലാണു നമ്പർ പ്ലേറ്റിന്റെ നിറം മാറ്റം.എമിറേറ്റിലെ ഡ്രൈവിങ് സ്ക്കൂൾ സ്ഥാപന ഉടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങിയതെന്ന് അജ്മാൻ പൊലീസ് വാഹന വകുപ്പ് തലവൻ കേണൽ സുൽത്താൻ ഖലീഫ അൽ മുഹൈരി അറിയിച്ചു. എമിറേറ്റിൽ മൊത്തം 42 ഡ്രൈവിങ് സ്കൂളുകളാണുള്ളത്.
പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയത് ഘടിപ്പിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസം സമയപരിധി അനുവദിച്ചിട്ടുണ്ട്. പുതിയ പ്ലേറ്റ് ലഭിക്കണമെങ്കിൽ പഴയ നമ്പർ പ്ലേറ്റ് കാണിക്കണമെന്നാണു വ്യവസ്ഥയെന്നും കേണൽ സുൽത്താൻ പറഞ്ഞു.