ദുബായ്: ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി. 2006ലെ 8,715 കിലോമീറ്റർ റോഡ് കഴിഞ്ഞവർഷം ആയപ്പോഴേക്കും 18,255 കിലോമീറ്ററായി. ഗതാഗതക്കുരുക്കു മൂലമുള്ള ഇന്ധന നഷ്ടവും മറ്റും ഒഴിവാക്കിയതിലൂടെ ഈ കാലയളവിൽ 21,000 കോടി ദിർഹം ലാഭിക്കാനായെന്നും രാജ്യാന്തര റോഡ് ഫെഡറേഷൻ (ഐആർഎഫ്) സമ്മേളനത്തിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.വിവിധ മേഖലകളിൽ ഇപ്പോഴും നിർമാണം പുരോഗമിക്കുകയാണ്. പാലങ്ങളുടെയും ടണലുകളുടെയും എണ്ണം അഞ്ചിരട്ടിയായി. വിവിധ മേഖലകളെ ബന്ധിപ്പിച്ചുള്ള സൈക്ലിങ് ട്രാക്കുകളുടെ നിർമാണവും പുരോഗമിക്കുന്നു.
2025 ആകുമ്പോഴേക്കും സൈക്ലിങ് ട്രാക്കിന്റെ നീളം 668 കിലോമീറ്ററാകും. നിർമിതബുദ്ധി (എഐ), ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഗതാഗതമേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാനും കാര്യക്ഷമത കൂട്ടാനും സഹായകമായി. ഹൈടെക് നിരീക്ഷണസംവിധാനം അപകടനിരക്ക് കുത്തനെ കുറച്ചതായാണു റിപ്പോർട്ട്.