അബുദാബി: വിദേശ വിമാന വിലക്ക് നവംബർ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി. മതിയായ വിമാന സർവീസില്ലാതെയും ഉയർന്ന നിരക്കും കാരണം ആയിരങ്ങളാണ് ഇന്ത്യയിലും വിദേശത്തും കുടുങ്ങിയത്. ഉഭയകക്ഷി കരാറുകളുടെ (എയർ ബബ്ൾ, വന്ദേഭാരത് മിഷൻ സർവീസ്, ചാർട്ടേർഡ്) അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ടെങ്കിലും വൻ തുക ഈടാക്കുന്നു. പരിമിത സർവീസായതിനാൽ സീറ്റുകളുടെ ലഭ്യതക്കുറവുമുണ്ട്.കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കെങ്കിലും സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇൻകാസ് അബുദാബി, കെഎംസിസി, ഷാർജ ഇന്ത്യൻഅസോസിയേഷൻ തുടങ്ങിയ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.സാധാരണ വിമാന സർവീസ് പുനരാരംഭിച്ചാൽ നിരക്കു കുറയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ വിലക്കു നീട്ടിയതോടെ നവംബർ അവസാനം വരെ കൂടിയ നിരക്കു കൊടുത്തു (വൺവേയ്ക്ക് 20,000 രൂപയിൽ കൂടുതൽ) യാത്ര ചെയ്യേണ്ടിവരും. ജോലി സംബന്ധവും വ്യക്തിപരവുമായ പല കാരണങ്ങളാൽ വർഷങ്ങളായി നാട്ടിലേക്കു പോകാത്ത ഒട്ടേറെപ്പേർ ഗൾഫിലുണ്ട് .അവർ കുടുംബത്തെ കൊണ്ടുവരാനായി സന്ദർശക വീസയെടുത്ത് ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുകയാണ്. എന്നാൽ നാലംഗ കുടുംബത്തിന് വൺവേ ടിക്കറ്റിനും പിസിആർ ടെസ്റ്റുകൾക്കുമായി ഒരു ലക്ഷത്തോളം രൂപ നൽകേണ്ടിവരും.