യുഎഇ: കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ മീൻ ഷിഫ് 6 ഉല്ലാസക്കപ്പൽ എത്തിയതോടെയാണ് ഈ വർഷത്തെ ക്രൂസ് സീസണ് തുടക്കമായത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,000 യാത്ര ക്കാരെ പരമ്പരാഗത സംഗീത-നൃത്ത പരിപാടികളോടെ വരവേറ്റു. വരുംമാസങ്ങളിൽ 126 ആഡംബര കപ്പലുകളിലായി 5 ലക്ഷത്തിലേറെ സഞ്ചാരികൾ എത്തും. ജൂൺ വരെയുള്ള സീസണിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നാണു പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ക്രൂസ് സർവീസുകൾ നിർത്തിവച്ചിരുന്നു.എക്സ്പോ നടക്കുന്ന തിനാൽ വിവിധ മേഖലകളിൽ നിന്നു സന്ദർശകരുടെ വൻ ഒഴുക്കുണ്ടാകും. റോഡുകൾ, ഹോട്ടലുകൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൻ തിരക്കു തുടങ്ങി. റാഷിദ് തുറമുഖത്ത് 7 വലിയ കപ്പലുകൾക്ക് ഒരേസമയം അടുക്കാൻ സൗകര്യമുണ്ട്. ചെറുതും വലുതുമായ ആഡംബര കപ്പലുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ കൂടുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം, വിശാല തീരം, സുരക്ഷിതത്വം, മികച്ച കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ ഘടകങ്ങൾ യുഎഇക്ക് ഏറെ അനുകൂലമാണ്.
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ചില കമ്പനികൾ പരിഗണിക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്. സമീപഭാവിയിൽ ഇതിനു വഴിയൊരുങ്ങു മെന്നാണു പ്രതീക്ഷ. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങൾ പട്ടികയിലുള്ളതായാണ്സൂചന.യുഎഇക്കൊപ്പം സൗദിയും ക്രൂസ് ടൂറിസത്തിന്റെ രാജ്യാന്തരകേന്ദ്രമാകാൻ ഒരുങ്ങുകയാണ്. സാധാരണ ക്കാരെയടക്കം ആകർഷിക്കാനുള്ള പദ്ധതികൾക്കു പ്രമുഖ കമ്പനികൾ രൂപം നൽകിവരികയാണ്.