ഖത്തറിലെ വീസ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കാണ് ഒത്തുതീര്‍പ്പിലൂടെ ലംഘനം പരിഹരിച്ച് നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അവസരം നല്‍കിയിരിക്കുന്നത്. താമസാനുമതി (റസിഡന്‍സി) ചട്ടങ്ങള്‍, വര്‍ക്ക് വീസ, കുടുംബ സന്ദര്‍ശക വീസ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചവര്‍ക്കാണ് ഒത്തുതീര്‍പ്പിന് അവസരം. ലംഘനം നടത്തിയ പ്രവാസികള്‍, തൊഴിലുടമകള്‍, ആതിഥേയര്‍ എന്നിവര്‍ക്കാണ് ഒത്തുതീര്‍പ്പിന് അനുമതി. ഒത്തുതീര്‍പ്പു തുക ഒഴിവാക്കാനോ കുറയ്ക്കാനോ രേഖാമൂലം അപേക്ഷ നല്‍കണം.
നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും അധികൃതര്‍ തീരുമാനമെടുക്കുക. ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് അല്ലെങ്കില്‍ ഉംസലാല്‍, ഉംസുനെയിം, മിസൈമീര്‍, അല്‍വക്ര, അല്‍ റയാന്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സര്‍വീസ് കേന്ദ്രങ്ങളെയോ സമീപിക്കണം. ഉച്ചയ്ക്ക് 1.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് ലംഘനം പരിഹരിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. ലംഘനം നടത്തിയിരിക്കുന്ന പ്രവാസികളും തൊഴിലുടമകളും കൂടുതല്‍ നിയമനടപടികള്‍ ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പിന് നല്‍കിയിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.