ഖത്തറിലേക്ക് നാളെ മുതൽഎത്തുന്നവർക്ക് ഇന്റർനാഷനൽ സിം കാർഡ് ഉപയോഗിച്ചും ഖത്തറിന്റെ കോവിഡ് അപകടനിർണയ ആപ്പായ ഇഹ്‌തെറാസ് ആക്ടീവാക്കാം. പുതുക്കിയ യാത്രാ-പ്രവേശന നയങ്ങൾ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്.
നിലവിൽ ഖത്തർ സിം കാർഡ് ഉപയോഗിച്ചു മാത്രമേ ആപ് ആക്ടീവാക്കാൻ കഴിയൂ. ഖത്തറിന്റെ പ്രവേശന കവാടങ്ങളിൽ എത്തുമ്പോൾ എല്ലാ യാത്രക്കാരുടെയും സ്മാർട് ഫോണിൽ ഇഹ്‌തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റായിരിക്കണം.
അതേസമയം ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന നയതന്ത്ര പ്രതിനിധികൾ, അഡ്മിനിസ്‌ട്രേറ്റീവ് കാർഡ് ഉടമകൾ, വിഐപി സന്ദർശകർ എന്നിവർക്ക് ഈ വ്യവസ്ഥ ബാധകമല്ല.ആൻഡ്രോയിഡ് 6, ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകൾ, ഐഒഎസ് 13.5, ഐഒഎസ് പുതിയ പതിപ്പുകൾ എന്നീ ഫോണുകളിൽ ഇഹ്‌തെറാസ് ലഭിക്കും. സിം കാർഡുകളും സ്മാർട് ഫോണുകളും ഇല്ലാത്തവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളം, അബു സമ്ര അതിർത്തി എന്നീ രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ ഇവ വാങ്ങാൻ സൗകര്യമുണ്ട്.