ഗൾഫ് വിദ്യാഭ്യാസമേഖല കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തുന്നു. ഇന്നലെ മുതൽ ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം അവസാനിപ്പിച്ച് നേരിട്ടുള്ള പഠനം തുടങ്ങി. ദുബായിലെ എല്ലാ സ്വകാര്യവിദ്യാലയങ്ങളിലും പഠനം പൂർണമായും ക്ലാസ് മുറികളിലാക്കി. ഒന്നരവർഷത്തിനുശേഷമാണ് വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്നത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
വിവിധ കലാപരിപാടികൾ ഒരുക്കിയാണ് മിക്ക സ്കൂളുകളും വിദ്യാർഥികളെ സ്വീകരിച്ചത്. ഞായറാഴ്ചമുതൽ എല്ലാ വിദ്യാർഥികളും സ്കൂളുകളിലേക്ക് മടങ്ങിയെത്തണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ.) നിർദേശമുണ്ടായിരുന്നു. ഖത്തറിലെ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, മറ്റ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ 100 ശതമാനം ശേഷിയിലാണ് പ്രവർത്തനം. കോവിഡ് നിയന്ത്രണങ്ങളിലെ നാലാംഘട്ട ഇളവുകൾ ഞായറാഴ്ചമുതൽ പ്രാബല്യത്തിലായിരുന്നു. എങ്കിലും സ്കൂളുകളിൽ കർശന കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഖത്തറിൽ ചില പൊതു ഇടങ്ങളിൽ മുഖാവരണം നിർബന്ധമില്ല.