യുഎഇ: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് നൽകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കാമ്പയിൻ ശക്തമാക്കി.
“വാക്‌സിനേഷൻ ഞങ്ങളുടെ പ്രതീക്ഷയാണ്. വാക്സിൻ നിങ്ങളുടെ സുരക്ഷയാണ്” എന്ന പുതിയ സോഷ്യൽ മീഡിയ കാമ്പയിൻ വഴി കുടുംബങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് തിരഞ്ഞെടുക്കാനും അവരുടെ കുട്ടികളുടെ കുത്തിവയ്പ്പ് മാറ്റിവയ്ക്കുന്നതിൽ നിന്നും തടയാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെയും അവരുടെ ചുറ്റുമുള്ളവരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും, 12-15 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു.
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വെബ്സൈറ്റ് വഴി ഓൺലൈനിൽ ബുക്ക് ചെയ്യാൻ മാതാപിതാക്കൾക്ക് നിർദേശം നൽകി.
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം മെയ് മാസത്തിൽ അംഗീകാരം നൽകിയിരുന്നു.
വാക്‌സിൻന്റെ അടിയന്തര പ്രാദേശിക ഉപയോഗം അംഗീകരിക്കുന്നതിന് ക്ലിനിക്കൽ പരീക്ഷണങ്ങളും കർശനമായ വിലയിരുത്തലും നടത്തുകയുണ്ടായി.
ജൂലൈ ആദ്യ വാരത്തിൽ വേനൽക്കാല അവധി ആരംഭിക്കുന്നതിനുമുമ്പ് പല മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് വാക്സിൻ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
കോവിഡ് -19നിനെതിരായുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി പ്രകാരം യുഎഇയിലെ എല്ലാ പൗരന്മാർക്കും, 16 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അർഹതയുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നതാണ്.
യുഎഇ 15 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
മൊത്തം ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും, ഇത് അർഹരായ വിഭാഗത്തിന്റെ 91.8 ശതമാനം പ്രതിനിധീകരിക്കുന്നുവെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.
വാക്സിൻ ആരെയും വൈറസ് ബാധിക്കുന്നതിൽ നിന്ന് പൂർണ്ണമായും തടയുന്നില്ലെങ്കിലും, അണുബാധ നിരക്ക് കുറയ്ക്കുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽനിന്നും, തീവ്രപരിചരണ ചികിത്സയിൽനിന്നും, മരണനിരക്ക് കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണെന്ന് യുഎഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.