ദുബായ്: ലോകമെമ്പാടും കോവിഡ്19 മഹാമാരിയിൽ ആടിയുലഞ്ഞ വർഷത്തിനാണ് 2020 ഉടനീളം സാക്ഷിയായത്. വളരെയധികം പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് സർവമേഖലകളും. അതിൽ ഏറ്റവും പ്രാധാനമേറിയതാണ് വ്യവസായസമ്പദ് വ്യവസ്ഥ. ഇതിനൊരു കൈത്താങ്ങായി അഞ്ചാം തവണയും എത്തിയിരിക്കുകയാണ് ദുബായ് സർക്കാർ.
യു.എ.ഇ.വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണം 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 12 നായിരുന്നു ആദ്യത്തെ പാക്കേജ് 1.5.ശതകോടി ദിർഹം സഹായവുമായി സർക്കാർ മുന്നോട്ട് വന്നത്. പിന്നീടങ്ങോട്ട് 29 മാർച്ചിൽ 3.3 ശതകോടി ദിർഹം, ജൂലൈ11ന് 1.5 ശതകോടി ദിർഹം, ഒക്ടോബർ 24ന് അരശതകോടി ദിർഹവും പാക്കേജുകളായി നൽകിയിരുന്നു. ഇതോടെ മൊത്തം 7.1ശതകോടി ദിർഹത്തിന്റെ സാമ്പത്തിക സഹായമാണ് വ്യവസായമേഖലയ്ക്ക് നൽകിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് കൗൺസിൽ സെക്കൻഡ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം അധ്യക്ഷനായ ദുബായ് ഇക്കണോമി സപ്പോർട്ട് കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ സഹായം. ഇനിയും എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതോടൊപ്പം ട്വീറ്റ് ചെയ്തു.