ഷാർജ: പ്രശസ്‌ത ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ്ങിന്റെ വുഹാൻ ഡയറിയുടെ മലയാളം പതിപ്പ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്റർ സലാം പാപ്പിനിശേരിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ കോവിഡിനെ ആധാരമാക്കി പ്രശസ്‌ത ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ് എഴുതിയ വുഹാൻ ഡയറിയുടെ മലയാളം പതിപ്പ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിക്ക് നൽകികൊണ്ട് പ്രകാശനംചെയ്തു. പ്രമുഖ എഴുത്തുകാരായ പ്രവീൺ രാജേന്ദ്രൻ, അനു.കെ.ആന്റണി, പ്രതിഭ ആർ.കെ എന്നിവരാണ് വുഹാൻ നിവാസികളുടെ കഥ പറയുന്ന ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.
കാലത്തിന്റെ കയ്യൊപ്പിൽ ഭീതിപടർത്തിയ കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗൺ കാലത്ത് വുഹാൻ നിവാസികൾ നേരിട്ട വെല്ലുവിളികളും അവർ അനുഭവിച്ച അരക്ഷിതാവസ്ഥയുമാണ് വുഹാൻ ഡയറിയിൽ പ്രതിപാദിച്ചിരിക്കുന്നത്. ഏതൊരാളും തകർന്ന് പോകുന്ന വിഷമഘട്ടത്തിലും വുഹാൻ നിവാസികൾ തങ്ങളുടെ ആത്മവിശ്വാസം കൈവിടാതെ പൊരുതി മുന്നേറിയ സന്ദർഭങ്ങളും വുഹാൻ ഡയറിയിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള ദുരിതമനുഭവിക്കുന്ന മനുഷ്യരുടെയെല്ലാം വേദന സമമാണെന്ന് ചൂണ്ടി കാണിച്ചു തരികയാണ് വുഹാൻ ഡയറി എന്ന പുസ്തകം.
ചടങ്ങിൽ പ്രമുഖ എഴുത്തുകാരി അനിഷ പുസ്തകം പരിചയപ്പെടുത്തി. ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ഫിറോസ് അബ്ദുള്ള, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, ടീം തള്ളല്ല കേട്ടോളി അംഗങ്ങളായ മുന്തിർ കൽപകഞ്ചേരി, അബ്ദുൽ റഹ്‌മാൻ കളത്തിൽ, റിയാസ് പപ്പൻ, യൂസഫ് കാരക്കാട്, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, ഹംസ കരിയാടൻ മാങ്കടവ്, എന്നിവർ സന്നിഹിതരായിരുന്നു.