ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ 2019 ലെ മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്‌ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് ‘മധുര നാരകം’ ജാബിർ അബ്ദുൽ വഹാബ് (ബ്രിഡ്‌ജ് വേ) ഗോൾഡ് എഫ്.എം റേഡിയോജോക്കി തൻസി ഹാഷിറിന് നൽകികൊണ്ട് പ്രകാശനംചെയ്തു. പ്രമുഖ നോവലിസ്റ്റ് ഇബ്രാഹിം ബാദുഷ വാഫിയാണ് ജോഖ അൽഹാരിസിയുടെ നോവൽ അറബിയിൽ നിന്ന് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.
കൗമാരക്കാരിയായ ഒരു ഒമാനി പെൺകുട്ടി തന്റെ ഗ്രാമീണ സൗന്ദര്യം മുത്തശ്ശിയുടെ ഓർമ്മകളിലൂടെ വിവരിക്കുന്നതാണ് മധുര നാരകം എന്ന നോവലിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മണ്ണും മരങ്ങളും മനുഷ്യരും തമ്മിൽ ഇഴപിരിയാതെ കെട്ടിപ്പുണർന്നു കിടക്കുന്നതിനെ ഒരു പ്രവാസിപെൺകുട്ടിയുടെ ഓർമ്മകളിലൂടെ കടന്ന് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. ഒരു നോവലിന് പുറമെ മനോഹരമായ ഒരോർമ്മകുറിപ്പ് എന്ന് വേണേൽ ഈ നോവലിനെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും. വായനയിൽ വത്യസ്തമായ അനുഭവമാണ് മധുര നാരകത്തിലൂടെ വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കുന്നത്.
ചടങ്ങിൽ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹൻ കുമാർ, അഡ്വ.വൈ.എ.റഹീം, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു