സാമ്പത്തിക തട്ടിപ്പുകൾ ഓരോ ദിവസവും പുതിയ രീതിയിലാണ്. അക്കൗണ്ടുകളിൽ പണം നഷ്ടമാകാതെ ഇരിക്കാൻ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പിനെ കുറിച്ച് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കാരണം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെന്ന പേരിൽ ഫോൺ കോൾ അല്ലെങ്കിൽ വോയ്‌സ്‌മെയിൽ വന്നേക്കാം. ഇത് ലഭിച്ചാൽ പരിഭ്രാന്തരാകരുത് എന്നാണ് മുന്നറിയിപ്പ്.
ഇത്തരം വ്യാജ കോളുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർജിക്കാർ നിർദേശമുണ്ട്. ഈ കോളുകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്ക് ടീം എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിന്റെ രൂപം ഇങ്ങനെ
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പ്രവർത്തങ്ങളിൽ ഭാഗമായിട്ടുണ്ട് എന്നും അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ നിങ്ങളുടെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെടും എന്ന രീതിയിലാണ് ഫോൺ കോൾ വരിക. കൂടുതൽ വിവരങ്ങൾക്ക് ഒമ്പത് അമർത്താൻ ആവശ്യപ്പെടും. അത്തരമൊരു കോൾ ലഭിക്കുകയാണെങ്കിൽ, നമ്പറുകളൊന്നും അമർത്തുകയോ കോളറുമായി ഇടപഴകുകയോ ചെയ്യരുത്. പകരം, നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക.ആർബിഐയോ ഏതെങ്കിലും നിയമാനുസൃത ബാങ്കോ ഒരിക്കലും ആവശ്യപ്പെടാത്ത കോളുകളോ ഇമെയിലുകളോ മുഖേന വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടില്ല. നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ, അവരുടെ ഔദ്യോഗിക ഹെൽപ്പ് ലൈൻ വഴി നിങ്ങളുടെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സൈബർ ക്രൈം പോർട്ടലിലോ നിങ്ങളുടെ പ്രാദേശിക അധികാരികളിലോ റിപ്പോർട്ട് ചെയ്യാം.