പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ കുട്ടികൾക്കായി, പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം, കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണു സജ്ജീകരിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ, ചിത്ര രചന,വായനാ സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നു. മാതാപിതാക്കൾ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ കുട്ടികൾക്ക് അവിടെ സമയം സുഖകരമായി ചെലവഴിക്കാനാകും. “കുടുംബങ്ങൾക്കും കുട്ടികൾക്കും മാനസികവും സാമൂഹികവുമായ സംതൃപ്തി നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുാപ്പ് സേവനങ്ങൾ മാനുഷിക മൂല്യങ്ങൾ മുൻനിർത്തി നൽകുകയാണ് ഞങ്ങളുടെ ദൗത്യം,” എന്നും ഈ കുട്ടികളുടെ മേഖല പൊതുമാപ്പ് കേന്ദ്രത്തിന്റെ ഗുണപരമായ കൂട്ടിച്ചേർക്കലാണെന്നും അൽ അവീർ എമിഗ്രേഷന്റെ അസിസ്റ്റന്റ് ഡയറക്ടർ,മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. വിവിധ ഗെയിമുകളും നൂതന വിനോദ പ്രവർത്തനങ്ങളുമായാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ പ്രായസമൂഹങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു. മാതാപിതാക്കൾക്കു കാത്തിരിക്കുന്നതിനിടെ, കുട്ടികൾക്ക് വിനോദപരമായ അനുഭവങ്ങൾ നൽകുന്നതിനുള്ള ഇത്തരമൊരു ഇടം പ്രയോജനകരമെന്ന് കുടുംബങ്ങളായ സന്ദർശകരും അഭിപ്രായപ്പെട്ടു.