വേൾഡ് ഓഫ് കോഫി മേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യദിനം മേള സന്ദർശിച്ചു. വിവിധരാജ്യങ്ങളുടെ കോഫി പവിലിയനുകളും അദ്ദേഹം നടന്നുകണ്ടു.
78 രാജ്യങ്ങളിൽനിന്നായി 1980 കോഫി കമ്പനികളാണ് നാലാമത് വേൾഡ് ഓഫ് കോഫി മേളയിലുള്ളത്. ഇതിൽ 250-ലേറെ അന്താരാഷ്ട്ര കമ്പനികളും അറബ് മേഖലയിൽനിന്ന് 137 കമ്പനികളുമുണ്ട്. അറബ് മേഖലയിൽനിന്ന് സൗദി അറേബ്യ, ബ്രസീൽ, റുവാൺഡ, പനാമ, സാൽവഡോർ, ഗ്വാട്ടിമാല, മെക്സിക്കോ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെ പവിലിയനുകൾക്കൊപ്പം മൊറോക്കോയും മെക്സിക്കോയും ഇത്തവണ ആദ്യമായി പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയിൽനിന്ന് മാത്രമായി 30 കമ്പനികളുണ്ട്. മുൻവർഷത്തേക്കാൾ ആറ് മടങ്ങ് വർധനവാണിത്.മുൻവർഷത്തെ മേളയുടെ വിജയത്തെത്തുടർന്ന് ഇന്ത്യയുടെ പവിലിയൻ മൂന്നിരട്ടി വലുതാക്കി. 44 ഇന്ത്യൻ കോഫി ബ്രാൻഡുകളും മേളയിലുണ്ട്. തേൻ കലർത്തിയ രുചിയേറിയ കോഫി മുതൽ വിവിധരുചികളിലുള്ള കോഫികളാണ് ഇന്ത്യൻ പവിലിയൻ പരിചയപ്പെടുത്തുന്നതെന്ന് നിർമാതാക്കളിലൊരാളായ രാം കുമാർ വർമ പറഞ്ഞു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പവിലിയനിലെത്തി പ്രദർശകരുമായി സംവദിച്ചു. മേളയിൽ ആകെ പ്രദർശകരുടെ എണ്ണത്തിൽ ഇത്തവണ 50 ശതമാനമാണ് വർധന. ഇത് കണക്കിലെടുത്തുകൊണ്ട് വേൾഡ് ട്രേഡ് സെന്ററിൽ മേളയുടെ പ്രദർശനസ്ഥലവും വർധിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന കോഫി ബ്രാൻഡുകളിൽ 15 ശതമാനവും ആഗോള പങ്കാളിത്തത്തിൽ 75 ശതമാനവുമാണ് വർധന. മൂന്ന് ദേശീയ കോഫി ചാമ്പ്യൻഷിപ്പുകളാണ് പരിപാടിയുടെ പ്രത്യേകത. കൂടാതെ അപൂർവ കോഫി ബീൻസ് ലേലവും ഉണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉല്പാദകർ മുതൽ ചെറുകിട കാപ്പി സംരംഭകരും മേളയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉല്പാദകരായ ബ്രസീൽ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിധ്യവും കാപ്പിയുണ്ടാക്കുന്ന വിവിധതരം മെഷീനുകളും ഗ്രൈന്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ കപ്പുകൾ, കോഫി മഗ്‌സ്, കോഫി ഫ്ലാസ്‌കുകളും വില്പനക്ക് വെച്ചിട്ടുണ്ട്. കാപ്പിക്കൊപ്പം ഇത്തരം വസ്തുക്കൾക്കും ആവശ്യക്കാരേറെയാണെന്ന് കളർലൈൻ പ്രിന്റിങ് പ്രസ് ഡയറക്ടർ ഹവാസ് മൊഹമ്മദ് പറഞ്ഞു. കാപ്പിയുടെയും കാപ്പിപ്പൊടിയുടെയും രുചിക്കൊപ്പം നിർമാണത്തിലെ പുതിയ സാങ്കേതികവിദ്യയും മേള പരിചയപ്പെടുത്തുന്നു.വ്യത്യസ്ത രുചിയോടെയുള്ള കോഫികൾക്കൊപ്പം കോൾഡ് കോഫി, എക്‌സ്പ്രസോ, കാപ്പിച്ചിനോ എന്നിവയെല്ലാം രുചിച്ചുനോക്കാനും മേളയിൽ അവസരമുണ്ട്. വിവിധ കമ്പനികൾ അവരുടെ കാപ്പിപ്പൊടികൾ സന്ദർശകരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനായി നിരത്തിവെക്കുന്ന കപ്പിങ് സെഷൻ ഇത്തവണയും നടക്കും.കൂടാതെ കാപ്പി ക്കൃഷിയിൽ പരിസ്ഥിതി സൗഹൃദ കാർഷികരീതികൾ സ്വീകരിക്കുന്നതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങളും ശില്പശാലകളും മേളയോടനുബന്ധിച്ച് നടക്കും. വരുംവർഷങ്ങളിൽ കാപ്പി വിപണിയിൽ വലിയ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.ഡാറ്റാ ബ്രിഡ്ജ് മാർക്കറ്റ് റിസർച്ച് അനുസരിച്ച് മെന മേഖലയിലെ കോഫി പാനീയങ്ങളുടെ വിപണി മൂല്യം 2030-ഓടെ ഏകദേശം 133 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.. മേള ബുധനാഴ്ച സമാപിക്കും.