വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും.
ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.