ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇയിലുടനീളമുള്ള വാഹന യാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ദുബായ് പോലീസുമായി സഹകരണത്തിലേര്‍പ്പെട്ടു. സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ഈ അനുഗ്രഹീത മാസത്തില്‍ സമൂഹത്തിന് തിരികെ നല്‍കാനും സന്തോഷം പകരാനുമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഈ ഉദ്യമം ഇപ്പോള്‍ 6-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്.
അസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയിന്റെ ആഗോള സിഎസ്ആര്‍ മുഖമായ അസ്റ്റര്‍ വോളന്റിയേഴ്‌സ്, ദുബൈ പോലീസുമായി സഹകരിച്ച് നടത്തുന്ന ഈ ക്യാംപെയിനിലൂടെ, ദിവസവും ട്രാഫിക്ക് തിരക്കിനിടയില്‍പെട്ട് നോമ്പു തുറക്കാന്‍ പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ 100ല്‍ കൂടുതല്‍ വോളന്റിയര്‍മാര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍, എന്നിവര്‍ ചേര്‍ന്ന് ദുബായിലെ അഞ്ച് പ്രധാന ട്രാഫിക് ജംഗ്ഷനുകളിലാണ് ഈ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഈ സഹകരണത്തിന്റെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ, ആസ്റ്റര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആസ്റ്റര്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ള ആസ്റ്റര്‍ വൊളന്റിയര്‍മാര്‍, കമ്യൂണിറ്റി വൊളന്റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് 30 ദിവസത്തിനുള്ളില്‍ 150,000 ഇഫ്താര്‍ ബോക്‌സുകള്‍ വിതരണം ചെയ്യുന്നത്. ദുബായില്‍ പ്രതിദിനം ഏകദേശം 5,000 ഇഫ്താര്‍ ബോക്‌സുകള്‍ ഇങ്ങിനെ വിതരണം ചെയ്യും. ചില ദിവസങ്ങളില്‍ ഇത് 6,000-ല്‍ വരെ എത്തും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഈ ബോക്‌സുകളില്‍ ഈന്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. വൈകുന്നേരത്തെ തിരക്കിനിടയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഇഫ്താര്‍ കിറ്റുകളുടെ വിതരണം. കഴിഞ്ഞ 6 വര്‍ഷങ്ങളായി, ഈ ഉദ്യമത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകള്‍ ആളുകളെ കൃത്യസമയത്ത് നോമ്പ് തുറക്കാന്‍ പ്രാപ്തരാക്കുന്നതായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആശങ്കപ്പെടാതെ വാഹനമോടിക്കാനും കുടുംബത്തോടൊപ്പം സായാഹ്നം ആസ്വദിക്കാനും ഇത് അവരെ സഹായിക്കുന്നു. ഈ വര്‍ഷവും ഈ ഉദ്യമം നടപ്പാക്കാന്‍ ദുബായ് പോലീസുമായുള്ള സഹകരണം തുടരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.