അൽ ഐൻ: അൽ ഐൻ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ അൽ സാറൂജ് പാർക്കിൽ നടന്നു വരുന്ന അൽ ഐൻ ഫ്ലവർ ഷോ 2025 ഈ മാസം 23 വരെ നീട്ടി. ഈ മാസം 8നു ആരംഭിച്ച പുഷ്പ മേള 20 വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും, സന്ദർശകരുടെ തിരക്ക് കാരണം 23 ഞായർ വരെ നീട്ടുകയായിരുന്നു.
12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽപൂക്കളാൽ ഒരുക്കിയിരിക്കുന്ന പുഷ്പ മേള കാണാൻ വിവിധ എമിറേറ്റുകളിൽ നിന്നും നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്.കലാത്മകമായി ഒരുക്കിയ സൃഷ്ടികൾ കാണാനും വിനോദ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ഇവിടെ അവസരമുണ്ട്. വിവിധ നിറങ്ങളിലുള്ള ഒന്നര ദശലക്ഷത്തിലധികം പൂക്കളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കൂടാതെ, കണ്ണിന്റെ ആകൃതിയിലാണ് ഫെസ്റ്റിവൽ ഏരിയ രൂപകൽപന ചെയ്തിരിക്കുന്നത്. 54ഓളം പുഷ്പ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. പൂക്കൾ കൊണ്ട് ഒരുക്കിയിരിക്കുന്ന കമാനങ്ങൾക്ക് പുറമേ, പ്രകാശ സംവിധാനങ്ങൾ കൊണ്ടാണ് ഓരോ രൂപങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഇത് സന്ദർശകർക്ക് അവിസ്മരണീയ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു.സന്ദർശകർക്ക് വിശ്രമിക്കാനായി നിരവധി ഇരിപ്പിടങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഏരിയയുടെ മധ്യ ഭാഗത്ത് പൂക്കൾ കൊണ്ട് ‘അൽ ഐൻ’ എന്ന് അറബി ഭാഷയിൽ എഴുതിയിരിക്കുന്നതും പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, ഭക്ഷ്യ വിഭവങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. നിത്യവും വൈകുന്നേരം നാലു മുതൽ 10 മണി വരെയാണ് പ്രദർശന സമയം.