അബുദാബി: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് മണി എക്സ്ചേഞ്ച് ഹൗസിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
സ്ഥാപനത്തിന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനുമെതിരെയുള്ള 2018 ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ (20) ലെ 14 പ്രകാരമാണ് എക്സ്ചേഞ്ച് ഹൗസിന് പിഴ ചുമത്തിയതെന്ന് ബാങ്ക് അറിയിച്ചു.എക്‌സ്‌ചേഞ്ച് ഹൗസുകളും ധനകാര്യ സ്ഥാപനങ്ങളും സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ കർശനമാക്കുകയും നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.സെൻട്രൽ ബാങ്ക് സംഘം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിക്ക് പിഴ ചുമത്തിയത്, കഴിഞ്ഞ വർഷം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനും യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 5 മില്യൺ ദിർഹം പിഴ ചുമത്തിയിരുന്നു.