‘വീക്ഷണം’ ദിനപത്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത് മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും. താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് ഇതിനകം രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ആശ്രയം അറ്റുപോകുന്ന പ്രവാസികള്‍ക്ക് ആലംബമായ് പ്രവര്‍ത്തിക്കുകയാണ് അഷ്‌റഫ് താമരശ്ശേരിയെന്ന് ജൂറി വിലയിരുത്തി. കഴിഞ്ഞ തവണ സിസ്റ്റര്‍ ലുസി ചക്കാലയ്ക്കലാണ് അവാര്‍ഡിന് അര്‍ഹയായത്. 50,000/രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അഡ്വ.ജയ്‌സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗ്‌നി സ്ഫുലിംഗമുള്ള തൂലികയുമായ് പത്രപ്രവര്‍ത്തനത്തിലും സാഹിത്യ രംഗത്തും ഒരുപോലെ തിളങ്ങിയ വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ ഇത്തവണ എഴുത്തുകാരി സുധാ മേനോന് നല്‍കും. വര്‍ഗീയതയ്ക്കും വിഭാഗീയ ചിന്തകള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിക്കുകയും ചരിത്രത്തെ സത്യസന്ധമായ് ഖനനം ചെയ്‌തെടുക്കുകയും ചെയ്യുന്ന സുധാ മേനോന്റെ അക്ഷരങ്ങള്‍ പ്രതിരോധത്തിന്റെ അടയാളവാക്യമാണെന്ന് ജൂറി വിലയിരുത്തി. ഡോ. എം.ലീലാവതിക്കാണ് കഴിഞ്ഞ തവണ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം നല്‍കിയത്. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ വേറിട്ട ശൈലിയും നിലപാടുകളുംകൊണ്ട് ശ്രദ്ധേയയായ യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. കഴിഞ്ഞ തവണ ‘ദ ടെലഗ്രാഫി’ലെ എഡിറ്ററായിരുന്ന ആര്‍.രാജഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഡോ. ശൂരനാട് രാജശേഖരന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇതോടൊപ്പം വീക്ഷണം പ്രവാസി പുരസ്‌കാരവും മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. വീക്ഷണത്തിന്റെ 49ാം ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. ഫെബ്രുവരി 19 ന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. പ്രൗഢഗംഭീരമായ അഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യും.