മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകിയെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നൽകിയ മറുപടിയിലെ കുറ്റപ്പെടുത്തൽ. അതേസമയം ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ സഹായധനം സംബന്ധിച്ച കണക്കുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകി.കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക കത്ത് നൽകിയത്. എന്നാൽ ഏറെ വൈകിയാണ് സംസ്ഥാനം നിവേദനം നൽകിയതെന്ന് പ്രിയങ്ക ഗാന്ധിയ്ക്ക് മറുപടി നൽകിയ കേന്ദ്രം, വീഴ്ചയ്ക്ക് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചതാണെന്നും കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു എന്നും റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു.
ഇതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാർ അറിയിക്കണം. എത്ര ഫണ്ട് നൽകിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം. സാങ്കേതിക പദപ്രയോഗങ്ങളല്ലാ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ എസ്ഡിആർഎഫ് അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.