മക്ക നവംബർ ഒന്ന് മുതൽ ഉംറ മൂന്നാം ഘട്ടം തുടങ്ങാനിരിക്കെ 6,50,000 ലധികം തീർഥാടകർ ആപ്പ് വഴി ഇലക്രോണിക് അനുമതി പത്രം നേടിയതായി ഹജ്-ഉംറ മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. ഒക്ടോബർ 23 വരെയുള്ള കണക്കാണിത്. 1,65,000 തീർഥാടകരാണ് ഉംറ കർമം പൂർത്തിയാക്കിയത്. 2,00,000 വിശ്വാസികൾ വിശുദ്ധ പള്ളിയിലെ പ്രാർഥനാനുമതി ഉപയോഗപ്പെടുത്തുകയും ചെയ്തു. കർശനമായ സാമൂഹിക അകലം പാലിച്ചും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചും 20,000 പേർക്കാണ് ഈ ഘട്ടത്തിൽ ഒരു ദിവസം ഉംറ നിർവഹിക്കാനാകുക.
നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഒരുദിവസം 20,000 തീർഥാടകർക്ക് ഉംറ നിർവഹിക്കാനും 60,000 പേർക്ക് വിശുദ്ധ പള്ളിയിൽ പ്രാർഥന നടത്താനും അനുമതി ലഭിക്കും. ഇത് പൂർണ ശേഷിയിലേക്കുള്ള തിരിച്ച് പോക്കാണ്. കോവിഡ് ബാധയുടെ അപകടസാധ്യതകൾ കൂടിയില്ലെങ്കിൽ നാലാം ഘട്ടത്തിൽ വിശുദ്ധ കഅബാലയം സാധാരണ നിലയിലാകുമെന്നും ഹജ്- ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.അംർ അൽ മദ്ദ പറഞ്ഞു