യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാൻ കഴിയും . ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്. ടെക്സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും. രണ്ട് സ്ഥലങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 50 രാജ്യങ്ങളിൽ വരെ കാറുകൾ ഓടിക്കാനും വാടകയ്‌ക്കെടുക്കാനും അനുമതിയുള്ള പെർമിറ്റ് സ്വന്തമാക്കിയവർക്ക് വിദേശത്തുള്ള യുഎഇ ഡ്രൈവിങ് ലൈസൻസിന് 2018ൽ തന്നെ അനുമതി ഭിച്ചിട്ടുണ്ട്. എമിറേറ്റ്‌സിൽ ഇഷ്യൂ ചെയ്ത ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ യുഎസ്, യുകെ, അയർലൻഡ്, സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജർമനി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ബെൽജിയം, നോർവേ, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഇത് വ്യക്തമാക്കുന്നു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്സംബർഗ്, ചൈന, പോർച്ചുഗൽ, ഫിൻലാൻഡ്, ഡെൻമാർക്ക്, റൊമാനിയ, സെർബിയ എന്നിവയുൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം.