യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ തന്റെ പര്യടനത്തിന്റെ രണ്ടാം ദിവസം സൗദി, ഒമാൻ പവലിയനുകൾ സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമുണ്ടായിരുന്നു.
ശനിയാഴ്ച ഫ്രാൻസ് പവലിയൻ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ ആഗോള സഹകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫ്രാൻസിൻ്റെ ദേശീയദിനം എക്സ്പോ 2020 ദുബായിൽ ആഘോഷിച്ചു.ആദ്യദിനം യുഎഇ, യുഎസ്, കസഖ്സ്ഥാൻ പവലിയനുകളിലും അദ്ദേഹം പര്യടനം നടത്തിയിരുന്നു.