ആഗോളതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് ദുബൈ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് എന്റോവ്‌മെന്റ് ടവര്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷ്ദ് അല്‍ മക്തൂം വിശകലനം ചെയ്തു. യുഎയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ദുബൈ ഷെയ്ഖ് സായിദ് റോഡിലാണ് പുതിയ കെട്ടിടം ഉയരുന്നത്. 800 മില്യണ്‍ ദിര്‍ഹം മുതല്‍മുടക്കിലാണ് പദ്ധതി ഒരുങ്ങുന്നത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെയും ഹിഷാം അല്‍ ഖാസിമിന്റെ സെക്രട്ടറി ജനറലും വാസല്‍ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സിഇഒയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുടെ സന്നിധ്യത്തിലായിരുന്നു അവലോകനം. ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളിലെ വ്യക്തികളെയും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകളായവരെയുമുള്‍പ്പെടെ പിന്തുണയ്ക്കുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം. വാസല്‍ പ്രോപ്പര്‍ട്ടീസ് വികസിപ്പിച്ചെടുക്കുന്ന ടവറിന്റെ രൂപകല്പനയും രാജ്യാന്തര നിലവാരവും സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്പാടുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് എന്‍ഡോവ്മെന്റ് ടവറെന്ന് മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനും പോഷകാഹാരക്കുറവും വെല്ലുവിളികളും മറികടക്കാന്‍ അവരെ സഹായിക്കുന്നതിനും പുതിയ റിയല്‍ എസ്റ്റേറ്റ് എന്‍ഡോവ്മെന്റിന്റെ വരുമാനം സമര്‍പ്പിക്കുമെന്നും മുഹമ്മദ് അല്‍ ഗെര്‍ഗാവി വ്യക്തമാക്കി. റമദാന്‍മാസത്തില്‍ യുഎഇ നടപ്പിലാക്കുന്ന വണ്‍ മീല്‍സ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.