റമദാന് മാസത്തില്‍ യുഎയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നര മണിക്കൂറാണ് ഇളവ് ലഭിക്കുകയെന്ന് ഫെഡറല്‍ അഥോറിട്ടി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്ഡ റിസോഴ്സസ് വ്യക്തമാക്കി.
മന്ത്രാലയങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാകും പ്രവര്‍ത്തിക്കുക. അതേസമയം വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവര്‍ത്തനസമയം. വെള്ളിയാഴ്ച ഒന്നരമണിക്കൂറാണ് പ്രവര്‍ത്തിസമയത്തില്‍ ഇളവ്. നിയമങ്ങള്‍ക്കനുസൃതമായി പുണ്യമാസത്തിലും ജീവനക്കാര്‍ക്ക് വിദൂരജോലി അനുവദിക്കുന്നതിനും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റിബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഹിജ്റി കലണ്ടര്‍ പ്രകാരം മാര്‍ച്ച് 12നാകും റമദാന് വ്രതം ആരംഭിക്കുക.