യുഎഇ: ഇന്ത്യ, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തി. ഓൺലൈനിലൂടെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി ശൈഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തിയത്.നാല് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. പൊതുവായ മറ്റ് പ്രശ്നങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. യു.എ.ഇ., യു.എസ്., ഇന്ത്യ, ഇസ്രയേൽ എന്നിവർ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ചയിൽ ശൈഖ് അബ്ദുള്ള ഉയർത്തിക്കാട്ടി.
ആഗോള സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സമൂഹത്തിൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി.