ദുബൈ: ദുബൈയുടെ ലോക അഭിമാന മേളയായ എക്‌സ്‌പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്‌സ്‌പോയില്‍ വൻ പ്രവാസി സാന്നിധ്യം ഒരുക്കി യു.എ.ഇ നാഷണല്‍ കെ.എം.സി.സി.യും. ഇതു സംബന്ധിച്ച് എക്‌സ്‌പോ അധികൃതരുമായും, ഇന്ത്യൻകോൺസുലറ്റുമായുള്ള ചര്‍ച്ചകള്‍ പൂർത്തിയായതായി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു.
ഇത് പ്രകാരം നവംബർ 5ന് വൈകുന്നേരം 8pm-10pm ഇന്ത്യൻ പവലിയനിലെ ആംഫി തിയേറ്ററിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ തനത് ആയോധന കലകൾ ആയ വാൾപയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. ഡിസംബർ 3ന് വൈകുന്നേരം 6pm -9pm ‘ കേരളീയം ‘ എന്ന പേരിൽ കേരളത്തിന്റെ ജനപ്രിയ നാട്യ കലാരൂപങ്ങൾ ആയ മോഹിനിയാട്ടം, കഥകളി, കോൽക്കളി, മാർഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
മാർച്ച് 11ന്, 7pm -10pmഎക്സ്പോയിലെ ഏറ്റവും വലിയ വേദിയായ ദുബൈ മില്ലേനിയം ആംഫി തിയേറ്ററിൽ ഇൻഡോ-അറബ് സംസ്ക്കാരങ്ങളുടെ സമന്വയ പ്രതീകമായി ‘ സലാം ദുബായ്’ എന്ന പേരിൽ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. ദുബൈ സർക്കാരിന്റെ കോവിഡ് കാല ആരോഗ്യ പ്രവർത്തങ്ങൾക്കുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഒരു നന്ദിരേഖപ്പെടുത്തലായി ഇത് മാറും. ഇന്ത്യയിലെയും, യു.എ.ഇയിലേയും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവ.
യു.എ.ഇയിൽ ഏറ്റവുമധികം അംഗങ്ങളുള്ള സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ കെ.എം.സി.സിക്കു ലഭിച്ച ഈ അവസരം യു.എ.ഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടിയുള്ള അംഗീകാരമാണ്.
ഇന്ത്യന്‍ പവലിയനുകള്‍ ഒരുക്കുന്ന വിസ്മയലോകങ്ങള്‍ക്കു പുറമേയാണ് കേരളത്തിന്റെ കലയും സംസ്‌കൃതിയും പ്രദര്‍ശിപ്പിക്കുന്ന പ്രകടനങ്ങള്‍ കെ.എം.സി.സി. ഒരുക്കുന്നത്
ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020 ദുബായിക്ക് പുത്തനുണര്‍വേകുമെന്നും കെ.എം.സി.സിക്കും ഈ നവലോക സൃഷ്ടിമേളയിൽ ഇന്ത്യക്കാരായ 200ൽ പരം കല -കായിക പ്രതിഭകളെ അണിനിരത്തി വൻ മുന്നേറ്റത്തിന്റെ ഭാഗമാവാൻ അവസരം നൽകിയതിൽ നന്ദി ഉണ്ടെന്നും യു.എ.ഇ, കെ.എം.സി.സി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ പറഞ്ഞു.
എക്‌സ്‌പോ 2020 ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക- വിജ്ഞാന കൈമാറ്റത്തിനാണ് അവസരമൊരുക്കുക. കോവിഡ്-19ന്റെ മാന്ദ്യ കാലഘട്ടത്തിനു ശേഷമുള്ള സാമ്പത്തിക, വികസന, സാംസ്‌കാരിക അരങ്ങുകളില്‍ ഏറ്റവും വലിയ ഉദ്യമത്തിന് ആതിഥേയത്വം ഒരുക്കുന്ന ദുബൈ ഭരണകൂടത്തോടൊപ്പം കൈകോര്‍ക്കാനായതിൽ കെ.എം.സി.സി അഭിമാനിക്കുന്നതായി നേതാക്കൾ പ്രസ്താവിച്ചു.
ഓരോ വേദികളിലും കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പരിപാടികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.മുഖ്യരക്ഷാധികാരി ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ദീൻ, പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വർക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി വന്‍ സന്നാഹങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.