അബുദാബി: ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി, യെയർ ലാപിഡ്, യുഎഇയിലേക്കുള്ള തന്റെ ചരിത്രപരമായ രണ്ട് ദിവസത്തെ സന്ദർശനം അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയോടൊപ്പം ബുധനാഴ്ച ദുബായിലെ ഇസ്രയേൽ കോൺസുലേറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാനതകൾ ലാപിഡ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇരുവരും മരുഭൂമിയിൽ നിന്ന് അവിശ്വസനീയമായ ഒരു യാഥാർത്ഥ്യം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻന്റെ വാക്കുകൾ – ‘ഞങ്ങൾ ഒരു മലകയറി മുകളിൽ എത്തിയവരെപ്പോലെയാണ്.
താഴേക്ക് നോക്കുമ്പോൾ ഞങ്ങൾക്ക് ഇനിയും ഉയരത്തിൽ പോയി ഞങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങളുടെ എല്ലാ നേട്ടങ്ങളും ഉണ്ടായിരുന്നിട്ടും കൂടുതൽ കാര്യങ്ങൾക്കായി ഞങ്ങൾക്ക് ഇനിയും ആഗ്രഹമുണ്ട്’ – ഉദ്ധരിച്ചുകൊണ്ടു ഇതാണ് കാര്യങ്ങൾ നോക്കാനുള്ള അദ്ദേഹത്തിന്റെ വഴിയെന്നും, അതും കാര്യങ്ങൾ നോക്കാനുള്ള മാർഗ്ഗം എന്നും ലാപിഡ് പറഞ്ഞു.
ഈ ചടങ്ങ് നമുക്കെല്ലാവർക്കും ഒരു പ്രധാന നിമിഷമാണ് എന്നും, യുഎഇയും ഇസ്രായേലും തമ്മിലുള്ള വിപുലമായ സഹകരണം സാംസ്കാരിക സാമ്പത്തിക-രാഷ്ട്രീയ ഇടപെടലിന്റെ ഉറച്ച റെക്കോർഡ് സൃഷ്ടിക്കുമെന്നും, അൽ ഒലാമ പറഞ്ഞു. ഇത് ആളുകൾക്കിടയിലെ ശക്തമായ കൈമാറ്റങ്ങളും ആശയവിനിമയങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ എംബസി ചൊവ്വാഴ്ച അബുദാബിയിൽ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട്, പരസ്പരം സ്വീകാര്യമായ ഒരു സംവിധാനം രൂപീകരിക്കുന്നതിന് ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് ബുധനാഴ്ച നടന്ന വിദേശ പത്രസമ്മേളനത്തിൽ ലാപിഡ് പറഞ്ഞു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആരോഗ്യമന്ത്രിമാർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും, വൈറസിന്റെ വ്യാപനം നിരീക്ഷിച്ചുകൊണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാത്രാ ഇടനാഴി രൂപപ്പെടുത്തുകയും അത് സാമ്പത്തിക അവസരങ്ങളും ജനങ്ങളുമായുള്ള ബന്ധവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ലാപിഡ് പറഞ്ഞു.
2020 സെപ്റ്റംബറിൽ അബ്രഹാം കരാർ ഒപ്പിട്ട പത്തുമാസത്തിനുള്ളിൽ ഇസ്രായേൽ-യുഎഇ ഉഭയകക്ഷി വ്യാപാരം 675.22 മില്യൺ ഡോളറിൽ (2.48 ബില്യൺ ദിർഹം) എത്തിയിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ ഇത് പല തവണ വർദ്ധിക്കുമെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM) ലാപിഡ് പറഞ്ഞു.
സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയെ ലാപിഡ് സന്ദർശിച്ചു. ഇത് കൂടാതെ, ഇസ്രായേലിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ, ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ അലോൺ ഉഷ്പിസ്, എക്സ്പോ കമ്മീഷണർ എലസാർ കോഹൻ, ഇസ്രായേൽ പവലിയന്റെ നിർമ്മാതാവ് മാൽക്കി ഷെം ടോവ് എന്നിവരുമായി ചേർന്ന് എക്സ്പോ 2020 സൈറ്റിൽ ഇസ്രായേൽ പവലിയൻ ലാപിഡ് സന്ദർശിക്കുകയും ചെയ്തു.