അബുദാബി ∙ പൊതുജനവിശ്വാസത്തിൽ യുഎഇ സർക്കാരിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. എഡൽമാൻ ട്രസ്റ്റ് സർവേയിലാണ് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാരുള്ള രാജ്യങ്ങളിലൊന്നായി യുഎഇ മാറിയത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 50 വർഷത്തെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ് ഈ വിശ്വാസമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഈ വിശ്വാസം ശക്തിപ്പെടുത്തുകയും കൂടുതൽ ദൃഢമാക്കുകയും ചെയ്തു. 28 രാജ്യങ്ങളിലായി 33,000ത്തിലധികം പേരിൽ നടത്തിയ സർവേയാണിത്.